എന്നെ ലൈക്കണേ....

Thursday, October 24, 2013

ന്‍റെ സ്റ്റാറ്റസ്: ഒരു ഫേസ്ബുക്ക് കവിത




കവിതയിപ്പോള്‍ 
അശ്ലീലമൊഴുകുന്ന നദിയാണത്രേ.. 

ലിംഗങ്ങളും യോനികളും 
തര്‍പ്പണം ചെയ്യുന്ന സ്നാനഘട്ടം..! 
കാലിടുക്കിനും 
കടലിടുക്കിനുമിടയില്‍ 
ഒഴുകിപ്പരന്ന ഭാവനകളില്‍ 
ചെളി തിരഞ്ഞു വായനക്കാരന്‍.. 
കവിയുടെയാത്മാവിന്റെ 
ലിംഗങ്ങളും, യോനികളും ഭോഗിച്ചു 
അനുവാചകര്‍ 
ഭരണിപ്പാട്ട് വിതച്ചു..! 
കുരിശു പേറും കവി
നിര്‍വികാരതയുടെ
തുരിശുലായനി രുചിച്ചു....!! 

ഹും, 
എനിക്കുമീ കവിതയിലെ 
ക്രോമസോമുകള്‍ 
വേര്‍തിരിച്ചെടുക്കണം 
മൌനത്തിന്റെ ചൂണ്ടയുമായി 
നദിക്കരയിലൊരു തപസ്സ്.....! 

കവിതയിപ്പോള്‍
ആശയയുദ്ധത്തിന്റെ
സ്വയംഭോഗമാണ്.....!!


***

സമര്‍പ്പണം: വിഷ്ണുപ്രസാദിലെ 'കവിതക്ക്‌'...!


Tuesday, October 22, 2013

വിസമ്മതങ്ങളുടെ സമ്മതപത്രം


എനിക്കറിയാം; 
നീയത് സമ്മതിക്കുകയില്ല.. 

നിന്റെ കണ്ണുകളില്‍
നീലാകാശം തേച്ചത്
എന്റെ കവിതകളാണെന്ന്..
നിന്റെ നിദ്രകളില്‍
നിറങ്ങള്‍ നിറച്ചത്
എന്റെ സ്വപ്നങ്ങളാണെന്ന്..
നിന്റെ സിരാധമനികളില്‍
നിണമായൊലിച്ചത്‌
എന്റെ പ്രണയമാണെന്ന്...
നിന്റെയാത്മാവില്‍
ചൈതന്യമണിയിച്ചത്
എന്റെയോര്‍മ്മയാണെന്ന്..
നിന്റെ വഴികളില്‍
കാലടിപ്പാടുകള്‍ തിരഞ്ഞത്
എന്റെ കാത്തിരിപ്പാണെന്ന്..
നിന്റെയഴലുകളില്‍
മഴയായ് പൊഴിഞ്ഞത്
എന്റെ മിഴിനീരാണെന്ന്...

എനിക്കറിയാം,
നീയൊന്നും സമ്മതിച്ചു തരില്ല....!!

എന്നിട്ടും,
ഇന്നിന്റെ
സദാചാരക്കോടതിയില്‍...
നിന്റെ യുദരത്തിലെ
വിരുന്നുകാരനെ
സമ്മാനിച്ചത്‌
എന്റെ ലിന്ഗത്തിന്റെ വിശപ്പാണെന്ന്*
നീ സമ്മതിച്ചു കളഞ്ഞല്ലോ!! 


......
*ഫീലിംഗ്: വിഷ്ണുപ്രസാദിന്റെ കവിത വായിച്ചതിനു ശേഷം.


Saturday, October 12, 2013

അഭിനവ രാജകൊട്ടാരത്തിന്റെ ചില വാതിലുകളെ കുറിച്ച്...



രാജകൊട്ടാരത്തിനു മൂന്നു വാതിലുകളാണ് 
ആകാശത്തേക്ക് തുറക്കുന്ന 
ആദ്യവാതിലിലൂടെ 
രാജാവും, പരിവാരങ്ങളും,
നക്ഷത്രസ്ഥാനീയരും,
പുരോഹിത ശ്രേഷ്ഠരും,
'വില'യുള്ള വിരുന്നുകാരും
ആഗമനനിര്‍ഗ്ഗമനം ചെയ്യുന്നു...
പാതാളത്തിലേക്ക്‌ തുറക്കുന്ന
രണ്ടാമത്തെ വാതിലിലൂടെ
ഭ്രുത്യരും, പടയാളരും,
ആളികളും, കൂളികളും,
ദേഹണ്ണക്കാരും
മാലീസുകാരും
വന്നും പോയുമിരിക്കുന്നു....
ഭൂമിയിലേക്ക്‌ തുറക്കുന്ന
മൂന്നാമത്തെ വാതില്‍
പ്രജകള്‍ക്കു വേണ്ടിയാണ്...!
ഇത് വരെ തുറക്കാത്ത
ആ വാതിലില്‍
ഒരുനാള്‍
ഒരു മനുഷ്യനെങ്കിലും
കയറാതിരിക്കില്ല...!!
(രാജാവിനെ രാജ്യം ഭരിക്കുന്ന കാലം
വിദൂരമല്ല....!)



വാല്‍ക്കഷ്ണം: ജനാധിപത്യവും രാജഭരണവും തമ്മില്‍ എന്ത് വ്യത്യാസം? രാജാവ് കപ്പം മേടിച്ചു.. മ്മടെ സര്‍ക്കാര്‍ നികുതി മേടിക്കുന്നു..!!
രാജ്യത്തിന് വേണ്ടി ഭരിക്കാത്ത ഓരോ ഗവന്മെന്റും പഴയ രാജാവ് തന്നെ മാഷേ..

Tuesday, October 8, 2013

ശലഭായനങ്ങള്‍


ശലഭമേ നീയെന്‍ 
ശിരോലിഖിതമല്ലയോ; 
അഷ്ടമാരാശി പേറും- 
ജന്മമല്ലയോ! 
പ്യൂപ്പയില്‍ നീയെന്റെ 
സ്വപ്നമായി; 
ചിറകു തീണ്ടാത്ത 
നിനവിന്റെ നോവുമായി..!
ഇനിയെന്റെ നിദ്രകള്‍ 
നിന്‍ തമോമുദ്രകള്‍.. 
ഇനിയെന്റെ യാത്രകള്‍ 
നിന്‍ ഗമനമാത്രകള്‍...!! 
തെരുവില്‍ നീ- 
യുരുവിടാ മന്ത്രമായി; 
ഈ മനീഷികള്‍ 
രദമാര്‍ന്ന 
യന്ത്രമായി....! 
യമികള്‍ മറന്നതീ 
മാനിഷാദ; 
നിലാപിറവികള്‍ 
രാവുകള്‍ക്കന്ന്യമാം പോല്‍! 
വേടന്റെയമ്പു തറച്ച പിറാവിനു 
ശലഭപതംഗങ്ങളായിരുന്നു 
കൂടൊഴിയും മരചില്ലകള്‍ക്കോ 
ഈയലുരുകുന്ന മൌനങ്ങളായിയിരുന്നു..! 
റെയിലില്‍ കരിങ്കല്ലു ശയ്യയില്‍ 
വെയില്‍ നീറ്റിയിറ്റും നിണച്ചാലില്‍ 
നഗ്നമാംപെണ്‍മേനിയായ്- 
നിന്റെയിടറുന്ന ജീവതാളം; 
വിധി തന്‍റെ പേലവപ്പാതിയാലീ 
ചിറകറ്റ നേരിന്റെ നാളം..! 
ഇനി ഞാനിതെന്നിലെയെന്നെ 
നിഴല്‍കോര്‍ക്കു- 
മശാന്തതീരങ്ങളില്‍ 
ശലഭസമാധിയായ് 
മഴമേഘമൌനമായ് 
ഋതുഭേദശല്‍ക്കങ്ങളായ്- 
പകല്‍ക്കനവിന്‍ വിരാടരൂപം! 
പിന്നെ,
നിന്നിലെ നിന്നിലേക്കുള്ള പലായന- 
പ്പാതയില്‍ ചിറകറ്റ ഞാന്‍..!! 

......ഷിറാസ് വാടാനപ്പള്ളി.......